വഴിപിഴച്ചവര്‍ ഒരു ദ്രോഹവും വരുത്തുകയില്ല

``സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്‌തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.'' (വി.ഖു 5:105)

`നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക' എന്നതിന്റെ അര്‍ഥം വ്യക്തമാണ്‌. ആദര്‍ശ പ്രതിബദ്ധത മുറുകെ പിടിച്ചുജീവിക്കാനുള്ള ആഹ്വാനമാണത്‌. ഒരാളുടെ വിശ്വാസവും വാക്കും പ്രവൃത്തിയും ശരിയാണെങ്കില്‍ അല്ലാഹുവിന്റെ പിന്തുണയാല്‍ അയാള്‍ അജയ്യനായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത്‌ തകര്‍ക്കാന്‍ തൊഗാഡിയയ്‌ക്കോ മുത്തലിക്കിനോ മറ്റോ കഴിയില്ല. അല്ലാഹു യശസ്സ്‌ നല്‍കിയവനെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ദയയും സൗമ്യതയും നിമിത്തം അല്ലാഹു അയാള്‍ക്ക്‌ നല്‍കുന്ന ആത്മവിശ്വാസം കെടുത്തിക്കളയാന്‍ ദുശ്ശക്തികള്‍ക്കൊന്നും സാധിക്കില്ല. രാഷ്‌ട്രീയക്കാരോ അധികാരികളോ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും അയാള്‍ക്ക്‌ പ്രശ്‌നമായിരിക്കില്ല. ഒരാളുടെ ജീവിതം ആദര്‍ശശുദ്ധികൊണ്ട്‌ ധന്യമല്ലെങ്കില്‍ എത്ര വലിയ വമ്പന്മാരുടെ പിന്തുണയും ഇഹത്തിലോ പരത്തിലോ അയാള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല.

നബി(സ)യെ സംബന്ധിച്ച്‌ അല്ലാഹു പറഞ്ഞത്‌, `തീര്‍ച്ചയായും നീ മഹത്തായ സ്വഭാവഘടനയിലാകുന്നു' എന്നാണ്‌. തന്റെ നിയോഗത്തെക്കുറിച്ച്‌ നബി(സ) പറഞ്ഞത്‌ `വിശിഷ്‌ട സ്വഭാവങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടതെ'ന്നാണ്‌. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ഈ സ്വഭാവവൈശിഷ്‌ട്യവും കൂടിയാണ്‌ അദ്ദേഹത്തെ അജയ്യതയിലേക്ക്‌ ഉയര്‍ത്തിയത്‌. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന അനുചരന്മാര്‍ക്കും അനിതരമായ മഹത്വം കൈവന്നത്‌ ആദര്‍ശത്തിന്റെയും സ്വഭാവത്തിന്റെയും ഔജ്ജ്വല്യം കൊണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും അനുശാസിക്കുന്ന സ്വഭാവമര്യാദകള്‍ മുറുകെ പിടിക്കുകയാണെങ്കില്‍ സംഘപരിവാറിനോ ഭരണകൂടത്തിലെയും പോലീസിലെയും പട്ടാളത്തിലെയും വര്‍ഗീയ പക്ഷപാതികള്‍ക്കോ മുസ്‌ലിം സമൂഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയില്ല. 

"പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു" (വി.ഖു 25:63). ക്വാലൂ സലാമന്‍ എന്ന വാക്യാംശത്തിന്‌ `നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ എന്ന്‌ മറുപടി പറയുന്നവരുമാകുന്നു' എന്നും അര്‍ഥമാകാവുന്നതാണ്‌. 

📖ശബാബ്‌