"സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം." [അദ്ധ്യായം 49 ഹുജുറാത്ത് 10]
സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്. അതെ, അവർ സഹോദരന്മാരാണ്. ജ്യേഷ്ഠാനുജന്മാരാണ്. ഒരേ സ്രഷ്ടാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവരാണവർ. അവരുടെ വിചാരവികാരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും ആചാരനുഷ്ടാനങ്ങളും എല്ലാം ഒന്നാണ്; ഒന്നായിരിക്കണം. അതുകൊണ്ട് ആ കുടുംബസമൂഹത്തിൽ ഉൾപ്പെട്ട രണ്ട് സഹോദരങ്ങൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടായിക്കൂടാ. അങ്ങനെ വല്ലതും ഉണ്ടായാൽ അവരെ തമ്മിൽ ഒത്തിണക്കി യോജിപ്പിക്കൽ മറ്റുള്ളവരുടെ ഒഴിച്ചുകൂടാത്ത കടമയുമാണ്. കടമ മാത്രമല്ല, സമുദായത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അനുപേക്ഷണീയവുമാണത്.
എന്നാൽ ഇന്നത്തെ മുസ്‌ലിം സമുദായത്തിന്റെ നിലയോ?! തുച്ഛമായ കാരണങ്ങളെച്ചൊല്ലി വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും സംഘടനകൾ തമ്മിലും ഛിദ്രിക്കുന്നു! കലഹിക്കുന്നു! തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാനും നല്ല നിലയിൽ യോജിപ്പിക്കുവാനും ശ്രമിക്കുന്നതിനു പകരം ഛിദ്രം മൂർച്ഛിപ്പിക്കുവാനാണ് അധികമാളുകളും ശ്രമിക്കുന്നത്. ശത്രുക്കൾ ഈ തക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! അല്ലാഹുവിൽ ശരണം.
നബി (സ) പറഞ്ഞു : "നിങ്ങൾ പരസ്പരം അസൂയപ്പെടരുത്. അന്യോന്യം (മൽസരിച്ചു ചരക്കുകൾക്ക്) വില കയറ്റരുത്. അന്യോന്യം ഈർഷ വെക്കരുത്. അന്യോന്യം (സഹായിക്കാതെ) പിന്മാറിപ്പോകരുത്. ചിലർ ചിലരുടെ കച്ചവടത്തിനു മീതെ (അതു നിലവിലിരിക്കെ) കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങൾ സഹോദരന്മാരായിരിക്കുവിൻ. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവൻ മറ്റവനെ അക്രമിക്കുകയില്ല. അവനെ കൈവെടിയുകയില്ല. അവനെ അവഗണിക്കുകയില്ല. (നെഞ്ചിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്) തഖ്‌വാ (ഭയഭക്തി) ഇവിടെയാണ്. തഖ്‌വാ ഇവിടെയാണ്. തഖ്‌വാ ഇവിടെയാണ്. ഒരു മനുഷ്യൻ അവന്റെ മുസ്‌ലിം സഹോദരനെ അവഗണിക്കുന്നതു തന്നെ മതി അവനു ആപത്ത് വരാൻ! (മറ്റൊന്നും വേണ്ടാ). ഒരു മുസ്‌ലിമിന്റെ സർവ്വസ്വവും മറ്റൊരു മുസ്‌ലിമിനു ഹറാം (നിഷിദ്ധം) ആകുന്നു. അതെ, അവന്റെ രക്തവും അവന്റെ ധനവും അവന്റെ മാനവും." [മുസ്‌ലിം]
അനസ് (റ) നിവേദനം : നബി (സ) പറഞ്ഞു : "നിന്റെ സഹോദരനെ അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക." ഞാൻ ചോദിച്ചു : "റസൂലേ, അക്രമിക്കപ്പെട്ടവനെ സഹായിക്കാം. പക്ഷേ അക്രമിയെ എങ്ങനെ സഹായിക്കും?" അദ്ദേഹം (സ) മറുപടി പറഞ്ഞു : " നീ അവനെ അക്രമത്തിൽ നിന്ന് തടയണം. അതാണു നീ അവനു ചെയ്യുന്ന സഹായം." [ബുഖാരി]
✍അമാനി മൗലവി