"നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക. അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു." [അദ്ധ്യായം 53 നജ്മ് 29,30]
🔹അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ബോധവുമില്ലാതേയും ഐഹിക ജീവിതത്തെ ഏകലക്ഷ്യമായി സ്വീകരിച്ചുകൊണ്ടുമിരിക്കുന്നവരെ ഉപദേശിച്ചിട്ട് യാതൊരു ഫലവും ഉണ്ടാവുകയില്ല. അതുകൊണ്ട് അങ്ങിനെയുള്ളവരെ അവഗണിച്ചു തള്ളിക്കളയുവാൻ അല്ലാഹു ഉപദേശിക്കുന്നു. കാരണം, അവരുടെ അറിവിന്റെ ആകെത്തുക ഐഹികജീവിതവും അതിലെ സുഖഭോഗങ്ങളും മാത്രമായിരിക്കും. അതിനപ്പുറം അവർക്ക് ഒന്നും പ്രതീക്ഷിക്കുവാനോ ആഗ്രഹിക്കുവാനോ ഉണ്ടായിരിക്കുകയില്ല. അവരുടെ സർവ്വസ്വവും അതായിരിക്കും. അവരുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നതിയുമെല്ലാം അതിലേ അവർ ആലോചിക്കുകയും ചിന്തിക്കുകയുമുള്ളൂ. അവയെക്കുറിച്ചല്ലാത്ത ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതല്ല. അനുഭവങ്ങൾ സാക്ഷ്യം വഹിക്കുന്ന ഒരു പരമാർത്ഥമാണ് ഇത്.
നബി (സ) പ്രാർത്ഥിച്ചിരുന്നതായി ഹദീസിൽ വന്നിട്ടുള്ള ഈ പ്രാർത്ഥന നാമും പ്രാർത്ഥിക്കുക : "അല്ലാഹുവേ, ഇഹലോകത്തെ ഞങ്ങളുടെ പ്രധാന മനോവിചാരമാക്കരുതേ. ഞങ്ങളുടെ അറിവിന്റെ ആകത്തുകയും ആക്കരുതേ."
✍അമാനി മൗലവി