മനുഷ്യസമൂഹത്തിന്റെ ശക്തി

"അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ മക്കളെയും പേരമക്കളെയും ഉണ്ടാക്കിത്തരികയും വിശിഷ്‌ട വസ്‌തുക്കളില്‍ നിന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‌കുകയും ചെയ്‌തിരിക്കുന്നു'' [അദ്ധ്യായം 16 നഹ്‌ൽ 72]

മനുഷ്യന്‍ ഒറ്റയാനല്ല. മൃഗങ്ങളെപ്പോലെ തന്‍കാര്യം മാത്രം നോക്കുന്നവനല്ല. തേനീച്ച പോലുള്ള കൂട്ടമല്ല. ഒരാള്‍, അയാള്‍ക്ക്‌ ഒരിണ, ആജീവനാന്ത ഇണ, ഇണകളിലൂടെ മക്കള്‍...! മക്കള്‍ക്ക്‌ ഇവര്‍ മാതാപിതാക്കള്‍. മക്കള്‍ക്ക്‌ വീണ്ടും മക്കള്‍. പേരക്കുട്ടിയും പിതാമഹനും. ഒരേസമയം ചുരുങ്ങിയത്‌ മൂന്ന്‌ തലമുറ. മരിച്ചാലും ബന്ധുക്കള്‍ക്ക്‌ മരണമില്ല. ഈ വിശിഷ്‌ടബന്ധങ്ങളുടെ ബലിഷ്‌ഠകവചമാണ്‌ മനുഷ്യസമൂഹത്തിന്റെ യഥാര്‍ഥ ശക്തി.

മനുഷ്യന്റെ ജീവിതവും മരണവും അവന്റെ നിയന്ത്രണത്തിലല്ല. സ്രഷ്‌ടാവിന്റെ ഇച്ഛയ്‌ക്കൊത്ത്‌ മാത്രമേ അത്‌ നടപ്പിലാവൂ. എല്ലാവര്‍ക്കും ഒരേ ആയുസ്സല്ല. എല്ലാവരുടെയും ജീവിതപ്രക്രിയ ഒരുപോലെയല്ല. മനുഷ്യന്റെ ജന്മവും ശൈശവവും പക്ഷിമൃഗാദികളെക്കാള്‍ ദുര്‍ബലമാണ്‌. അല്ലാഹു പറയുന്നു: ``നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങളെ യാതൊന്നും അറിഞ്ഞു കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്‌ചയും ഹൃദയങ്ങളും നല്‍കുകയും ചെയ്‌തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി'' [അദ്ധ്യായം 16 നഹ്‌ൽ 78]

ദുര്‍ബലനായി ജനിച്ച മനുഷ്യന്‍ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ച്‌ ലോകത്തിന്റെ അധിപനായി. ഭൂമിയിലെ ഖലീഫ എന്നാണ്‌ അല്ലാഹു മനുഷ്യനെ വിശേഷിപ്പിച്ചത്‌. ശക്തിമാനായ ഈ മനുഷ്യന്‍ ദുര്‍ബലതയിലേക്ക്‌ മടങ്ങുന്ന പ്രകൃതിയുടെ പ്രതിഭാസത്തിലേക്ക്‌ ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു:

"അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്‌ടിച്ചത്‌. പിന്നീട്‌ അവന്‍ നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു. പലതും അറിഞ്ഞതിനു ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്ക വിധം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു" [അദ്ധ്യായം 16 നഹ്‌ൽ 70]

അവശതയനുഭവിക്കുന്ന വൃദ്ധജനങ്ങളെ എന്തു ചെയ്യണം? ശേഷിയും കഴിവുമുള്ള മനുഷ്യനോട്‌ അല്ലാഹു കല്‌പിക്കുന്നു: "തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. മാതാപിതാക്കളില്‍ ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ' എന്നു പോലും പറയരുത്‌; അവരോട്‌ കയര്‍ക്കുകയും അരുത്‌. അവരോട്‌ നീ മാന്യമായ വാക്കുപറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുക. അവര്‍ക്കു വേണ്ടി നീ ഇങ്ങനെ പ്രാര്‍ഥിക്കുക: രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ." [അദ്ധ്യായം 17 ഇസ്‌റാഅ് 23,24]

ഇവിടെ ചിത്രം പൂര്‍ത്തിയാകുന്നു. 

By ഡോ: അഹമ്മദ്‌ കുട്ടി മദനി