കേരള മുസ്‌ലിംകള്‍ പുണ്യകരമായ കര്‍മം എന്ന നിലയില്‍ പാടുന്ന മൗലൂദ് ശരിയല്ല എന്ന് സുന്നത്തിനെ സ്‌നേഹിക്കുന്നവര്‍ പറയാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഇങ്ങനെ ഒരു പുണ്യം നബി(സ) പഠിപ്പിച്ചിട്ടില്ല. രണ്ട്, അതില്‍ നബി വര്‍ണന അതിരുവിടുന്നു. ഉദാഹരണത്തിന് ഒന്ന് മാത്രം പറയട്ടെ:
▶ഇര്‍തകബ്‌തു അലല്‍ ഖത്വാ ഗൈറ ഹസ്‌രിന്‍ വഅദദ്‌ലക അശ്‌കൂ ഫീഹി യാ സയ്യിദീ ഖൈറന്നബി◀
പാപമോചനത്തിന് നബിയോട് തേടുകയാണ് ഈ വരികള്‍. അല്ലാഹുവിന് മാത്രമുള്ള അധികാരമാണ് പാപം പൊറുക്കുക എന്നത്. അത് പ്രവാചകനില്‍ ആരോപിക്കുമ്പോള്‍ ശിര്‍ക്കായിത്തീരുന്നു. ഇത്തരം വരികള്‍ പാടാനേ പറ്റില്ല. ആചാരമാക്കല്‍ പിന്നെയല്ലേ?
മറ്റൊന്ന് :
പില്‌ക്കാലക്കാരില്‍ പ്രവാചക സ്‌നേഹ കാവ്യങ്ങള്‍ രചിച്ച ഒരാളാണ് ബുസൂരി. അദ്ദേഹത്തിന്റെ ഖസീദത്തുല്‍ ബുര്‍ദ വളരെ മനോഹരമായ ഒരു കാവ്യമാണ്. യൂണിവേഴ്‌സിറ്റികള്‍ പാഠപുസ്‌തകമായി അംഗീകരിക്കാന്‍ മാത്രം സാഹിത്യമേന്മ അതിനുണ്ട്. എന്നാല്‍ സ്‌നേഹാതിരേകത്താല്‍ അദ്ദേഹത്തിന്റെ വര്‍ണന ചില സ്ഥലങ്ങളില്‍ അതിരുവിടുന്നു. പ്രേമകാവ്യത്തിന്റെ മാതൃകയില്‍ തുടങ്ങിയ ബുര്‍ദ നബിയെപ്പറ്റി നിരവധി മഹത്വങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അതേസമയം ഈ വരികള്‍ നോക്കൂ:
▶യാ അക്‌റമല്‍ ഖല്‍ക്വി മാലീമന്‍ അലൂദുബിഹി
സിവാക ഇന്‍ദ ഹുദൂസില്‍ ഹാദിസില്‍ ഇമമി (സൃഷ്‌ടികളില്‍ ഉത്തമനേ, വ്യാപകമായ വിപത്തുകള്‍ വന്നു ഭവിക്കുമ്പോള്‍ അങ്ങല്ലാതെ ആരുണ്ടെനിക്ക് അഭയമായി!)◀
വിപത്തുകളില്‍ നിന്ന് രക്ഷ തേടേണ്ടത് അല്ലാഹുവിനോടു മാത്രമാണ്. ആ അധികാരം പ്രവാചകനില്‍ ആരോപിക്കുമ്പോള്‍ അത് ശിര്‍ക്കായിത്തീരുന്നു.
കാവ്യങ്ങളെ കാവ്യങ്ങളായി കാണാനും ആസ്വദിക്കാനും അവയിലെ സ്‌ഖലിതങ്ങള്‍ തിരിച്ചറിഞ്ഞ് ത്യജിക്കാനും സാധിക്കുക എന്നതാണ് മുസ്‌ലിമിന്റെ മാര്‍ഗം. പ്രവാചകനു ശേഷം ആരുണ്ടാക്കിയ ഗദ്യപദ്യങ്ങള്‍ക്കും വര്‍ണനകള്‍ക്കും ഒരു വ്യക്തിയുടെ രചന എന്നതിലപ്പുറം പ്രാധാന്യം കല്‌പിക്കാന്‍ പാടില്ല എന്നതാണ് മിതമായ സമീപനം. സര്‍ഗാത്മക ആവിഷ്‌കാരം ആത്മനിര്‍വൃതിക്കു വേണ്ടിയാണ്. ഒരാള്‍ തന്റെ കവിത്വം പ്രവാചസ്‌നേഹ പ്രകടനത്തിന് വിനിയോഗിക്കുമ്പോള്‍ അത് പുണ്യമായിത്തീരുന്നു. എന്നാല്‍ അതെടുത്ത് ആചാരങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ സ്ഥാപിത താല്‌പര്യക്കാരാണ്. മൗലൂദ് ഉള്‍പ്പെടെ ആചാരങ്ങളെല്ലാം സമുദായത്തിലേക്ക് കടന്നുവന്നതിങ്ങനെയാണ്.
അല്ലാഹുവിന്റെ വചനങ്ങളോ നബിവചനങ്ങളോ അല്ലാത്ത ഏതു കൃതികള്‍ക്കും ഭാഷ്യങ്ങള്‍ക്കും മനുഷ്യരചനയുടെ പരിഗണന മാത്രമേ ഉള്ളൂ. അവയൊന്നും ആചാരമോ സുന്നത്തോ ആയി ഗണിച്ചുകൂടാ. നിര്‍ഭാഗ്യവശാല്‍ ഇന്ന് നടക്കുന്നത് നബിയോടുള്ള സ്‌നേഹപ്രകടനമല്ല. ചിലര്‍ക്ക് ശക്തിപ്രകടനം, ചിലര്‍ക്ക് രോഷപ്രകടനം, ചിലര്‍ക്കെങ്കിലും സാന്നിധ്യപ്രകടനം. ഭക്തിയില്‍ നിന്നുടലെടുക്കുന്ന പ്രവാചക സ്‌നേഹം പ്രകടനപരമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
By അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി