പ്രബോധനം ചെയ്യുക തന്നെവേണം

"നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍"[ആലുഇംറാന്‍ 104]

നബി (സ) പറഞ്ഞു : "എന്‍റെ ജീവന്‍ ആരുടെ കയ്യിലാണോ അവനില്‍ ആണയിട്ടു ഞാന്‍ പറയുന്നു, നിങ്ങള്‍ നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും ചെയ്യുക തന്നെവേണം. അല്ലാത്തപക്ഷം അല്ലാഹു അവന്‍റെ ഭാഗത്തുനിന്ന് നിങ്ങളുടെ നേരെ ശിക്ഷ അയക്കുവാന്‍ തുടങ്ങും. പിന്നെ നിങ്ങള്‍ പ്രാര്‍ഥിച്ചിട്ടും ഫലമുണ്ടാവുകയില്ല. [തുര്‍മുദി]

നബി (സ) പറയുന്നു : ഒരാള്‍ നല്ല മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അയാളെ പിന്തുടരുന്നവര്‍ക്ക് ലഭിക്കുന്നതിനു തുല്യമായ പ്രതിഫലം ആ ക്ഷണിച്ചയാള്‍ക്കും ലഭിക്കുന്നതാണ്. അവരുടെ പ്രതിഫലത്തില്‍നിന്ന് ഒരു കോട്ടവും തട്ടാതെ തന്നെ. ഒരാള്‍ ഒരു തെറ്റിലെക്കാണ് ക്ഷണിക്കുന്നതെങ്കില്‍ അയാളെ പിന്തുടരുന്നവരുടെതില്‍ നിന്നും തുല്യമായ ഒരു കുറ്റം അയാള്‍ക്കുമുണ്ട്. അവരുടെ കുറ്റത്തില്‍നിന്നും ഒന്നും കുറയാതെ തന്നെ. [മുസ്ലിം]

വ്യക്തികള്‍ ദുഷിച്ചാല്‍ അതിന്‍റെ ദുരന്തഫലം അനുഭവിക്കേണ്ടിവരിക സമൂഹത്തിലെ എല്ലാവരുമാണ്. അതിനാല്‍ ചീത്ത വഴിയില്‍ നീങ്ങുന്നവരെ തിരിച്ചുകൊണ്ട് വരേണ്ടത് എല്ലാവരുടെയും ചുമതലയാണ്. അല്ലാഹുവിന്‍റെ ശിക്ഷ വരുന്നത് ഒരു പക്ഷെ എല്ലാവര്‍ക്കുമായിരിക്കാം. നമ്മുടെ വിജയത്തിന് വഴി കാണിക്കുന്ന പ്രക്രിയയാണ് നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നത്. അവര്‍ സ്വീകരിച്ചു നന്മയുടെ വാക്താക്കളായാല്‍ നമുക്ക് ഇരട്ടി പ്രതിഫലമായി. അവര്‍ നമ്മുടെ ഉപദേശം നിരാകരിച്ചാലും നമുക്ക് പ്രതിഫലം ഉറപ്പ്. തിന്മകള്‍ക്കെതിരെ മൌനം പാലിച്ച മുന്‍ സമൂഹങ്ങളെ അല്ലാഹു ശിക്ഷിച്ച ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നു. നന്മ ചെയ്യുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുമ്പോഴാണ് നാം ശരിയായ വിശ്വാസികളാവുക. 

By അബ്ദു സലഫി