പുണ്യകർമ്മങ്ങൾ മനുഷ്യൻ അനുഷ്ടിക്കുമ്പോൾ മറ്റുള്ളവരുടെ പ്രശംസയും കൈയ്യടിയും അവരുടെ സംതൃപ്തിയും അവരെ കാണിക്കലും ഉദ്ദേശിക്കുന്ന പക്ഷം അവൻ ഗോപ്യമായ നിലക്ക് ദൈവത്തിൽ പങ്ക് ചേർക്കുന്നു. 'രിയാഅ്' അഥവാ ചെറിയ ശിർക്ക് എന്ന് ഇതിനെ ഇസ്‌ലാം വിശേഷിപ്പിക്കുന്നു.
അല്ലാഹു പറയുന്നു :"വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ." [അദ്ധ്യായം 18 അൽ കഹ്ഫ് 110]. പുണ്യകർമ്മങ്ങൾ മനുഷ്യരെ കാണിക്കുവാൻ വേണ്ടിയും അവരുടെ അംഗീകാരം നേടാൻ വേണ്ടിയും ചെയ്യുന്നതാണ് ഈ ആയത്തിലെ 'ആരാധനയിലെ പങ്കുചേർക്കൽ' കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇബ്നു അബ്ബാസ് (റ) ഉൾപ്പെടെയുള്ള ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നു.
നബി (സ) പറഞ്ഞു : "മസീഹുദ്ദജ്ജാലിന്റെ നാശത്തേക്കാൾ ഞാൻ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു സംഗതിയാണു ഗോപ്യമായ നിലക്ക് ദൈവത്തിൽ പങ്കുചേർക്കൽ. (ഉദാഹരണമായി) ഒരാൾ നിന്ന് നമസ്കരിക്കും. അപ്പോൾ മറ്റൊരാൾ തന്നെ നോക്കുന്നുണ്ടെന്ന് അവൻ കാണുമ്പോൾ തന്റെ നമസ്കാരത്തെ അയാൾ ഭംഗിയാക്കും." (അഹമ്മദ്, ബൈഹഖി)
By അബ്ദുസ്സലാം സുല്ലമി