നബിതിരുമേനി (സ) പറയുന്നു : "നാലു കാര്യങ്ങള്‍ ആരിലുണ്ടോ അയാള്‍ ശുദ്ധ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുമൊന്ന് ഒരാളില്‍ അവശേഷിക്കുന്നുവെങ്കില്‍പോലും അതുപേക്ഷിക്കുവോളം അയാളില്‍ കാപട്യത്തിന്റെ അംശം ഉണ്ടായിരിക്കും.
1.വിശ്വസിച്ചാല്‍ വഞ്ചിക്കുക,
2.സംസാരിച്ചാല്‍ കള്ളം പറയുക,
3.കരാര്‍ ചെയ്താല്‍ ലംഘിക്കുക,
4.പിണങ്ങിയാല്‍ പുലഭ്യം പറയുക."
(ബുഖാരി, മുസ്‌ലിം)
''കുതന്ത്രവും ചതിയും വഞ്ചനയും (ചെയ്യുന്നവര്‍) നരകത്തിലാണ്.''(അബുദാവൂദ്)
ദൈവവിശ്വാസത്തിന്റെ അടയാളം വേഷത്തിലോ കേവല അനുഷ്ഠാനങ്ങളിലോ ഉള്ള സവിശേഷതയല്ല. നിരന്തരം ആരാധനാലയങ്ങളില്‍ കയറിയിറങ്ങുകയും വിരലുകളില്‍ ജപമാലകള്‍ കറങ്ങുകയും ചുണ്ടുകളില്‍ ദൈവമന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്ന ആള്‍ സാമ്പത്തിക ഇടപാടുകളില്‍ ചതിയും വഞ്ചനയും കാണിക്കുന്നുവെങ്കില്‍, അയാള്‍ ഭക്തിനാട്യക്കാരനാണ്. യഥാര്‍ഥ വിശ്വാസിയല്ല. ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തുകയും അനര്‍ഹമായി ജനങ്ങളുടെ പണം പറ്റുകയും ചെയ്യുന്ന 'ഭക്തനായ' ഉദ്യോഗസ്ഥന്‍ കപടനാണ്. നാവെടുത്താല്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന, വാഗ്ദാനപ്പെരുമഴകള്‍ വര്‍ഷിക്കുകയും യാതൊന്നും നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരന്‍ ഒന്നാന്തരം കപടവിശ്വാസിയാണെന്നാണ് നബി (സ) പഠിപ്പിക്കുന്നത്. ലാഭ മോഹങ്ങള്‍ നല്കി ഊഹക്കച്ചവടങ്ങള്‍ നടത്തുന്നവരും പണമിരട്ടിപ്പ് വാഗ്ദാനങ്ങളില്‍ ആളെക്കൂട്ടുന്നവരും വിശ്വാസത്തെയാണ് കൂട്ടുപിടിക്കുന്നത് എന്നതാണ് പുതിയകാലത്തെ വൈരുദ്ധ്യം.
By മുജീബുറഹ്മാന്‍ കിനാലൂര്‍