വര്‍ഷിച്ച ജീവിതമാണ്‌ പ്രധാനം

"ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല." [അദ്ധ്യായം 3 ആലുഇംറാൻ 185]

`ജീവിച്ച വര്‍ഷങ്ങളല്ല, വര്‍ഷിച്ച ജീവിതമാണ്‌ പ്രധാനം' എന്ന്‌ ഇംഗ്ലീഷിലൊരു പഴമൊഴിയുണ്ട്‌. ആയുസ്സിന്റെ നീളത്തേക്കാള്‍ ആയുസിലെ കര്‍മങ്ങളിലായിരിക്കണം നമ്മുടെ ശ്രദ്ധ. നമുക്ക്‌ ഒരു ഏകദേശ ധാരണപോലുമില്ലാത്ത നിമിഷത്തില്‍ ഈ ജീവിതം അവസാനിക്കും.

ആരോടും യാത്ര ചോദിക്കാതെ, ആരെയും കാത്തിരിക്കാതെ, എല്ലാവരെയും കരയിച്ച്‌, പറയാനുള്ളതും ചെയ്യാന്‍ കരുതിയതുമെല്ലാം ബാക്കിവെച്ച്‌ സുനിശ്ചിതമായ ആ വലിയ സത്യത്തിലേക്ക്‌ നമ്മള്‍ ഉള്‍ചേരുകതന്നെ ചെയ്യും. ഒട്ടും പരിചിതമല്ലാത്ത മറ്റൊരു ലോകത്തെക്ക്‌ യാത്രയാകും. അതോടെ എല്ലാ രസച്ചരടുകളും പൊട്ടിച്ചിതറും. ഒന്നിച്ചു കഴിഞ്ഞവര്‍ രണ്ടായി പിരിയും, വാക്കുകളില്‍ കണ്ണീരു കലരും. ഓര്‍മകളൊക്കെയും സങ്കടമാവും. നമ്മെ പുണര്‍ന്നിരിരുന്ന കൈകള്‍ നമ്മുടെ നേരെ മണ്ണെറിയും; തീര്‍ന്നു!

ജനിക്കും മുമ്പ്‌ നമ്മെക്കുറിച്ച ഓര്‍മ കൂടിക്കൂടിവരും. മരണത്തോടെ ആ ഓര്‍മ കുറഞ്ഞുകുറഞ്ഞുവരും. മരിക്കും വരെ ജീവിക്കുകയും ജീവിക്കുമ്പോഴൊക്കെ പ്രവര്‍ത്തിക്കുകയുമാണ്‌ നമ്മുടെ നിയോഗം. ഓര്‍ക്കുക, ഞാന്‍ ചെയ്‌തതിന്റെ ആകത്തുകയാണ്‌ ഞാന്‍. നിങ്ങളും അങ്ങനെത്തന്നെ.

കടപ്പാട്‌ : പി എം എ ഗഫൂർ