ഇരുള്‍ നീക്കുന്ന വിളക്കുമാടം

മനുഷ്യരില്‍ രണ്ടു തരക്കാരുണ്ട്. സ്വജീവിതത്തെയും പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളെയും രചനാത്മകമായി വീക്ഷിക്കുന്നവരും നിഷേധാത്മകമായി വിലയിരുത്തുന്നവരും. കാരുണ്യത്തിന്‍റെയും അനുഗ്രഹവര്‍ഷത്തിന്‍റെയും തുടിപ്പുകളെ യഥാവിധി നോക്കിക്കാണുന്നവരാണ് ഒന്നാമത്തെ വിഭാഗമെങ്കില്‍ എല്ലാത്തിലും വൈകൃതവും പൊരുതക്കേടും മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നവരായിരിക്കും രണ്ടാമത്തെ വിഭാഗം.

താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശതക്കണക്കിന് നന്മകള്‍ കാണാതെ പോവുകയും കേവല പ്രയാസങ്ങളെ പര്‍വ്വതീകരിച്ചു കാണികചെയ്യുന്ന ഇത്തരക്കാര്‍ക്ക് നന്മയും കാരുണ്യവും പങ്കുവെക്കുന്നതിലും വിജയിക്കാനാവില്ല. ചുറ്റുപാടുമുള്ള നന്മകള്‍ തിരിച്ചറിയുകയും അത് പരസ്പരം പകുത്തു നല്‍കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ധന്യത കൈവരുന്നത്.

പ്രവാചകന്‍ (സ) ഇപ്രകാരം അരുളി : "ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും". നിരാശയുടെ പടുകുഴിയില്‍ വീണടിയാനല്ല, മറിച്ച് ജീവിതത്തില്‍ രചനാത്മകവും പ്രതീക്ഷാ നിര്‍ഭരവുമായ പടവുകള്‍ തീര്‍ക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

"പറയുക (നബിയെ) : സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും" [അദ്ധ്യായം 39 സുമര്‍ 53]

വന്നു പോയ വീഴ്ചകള്‍ പരിഹരിച്ചുതരാനും നമുക്ക് വേണ്ട അനുഗ്രഹങ്ങളത്രയും കനിഞ്ഞേകാനും ഒരു സംരക്ഷകനുണ്ടെന്ന ഉത്തമബോധ്യം ജീവിതത്തിലെ ഇരുള്‍ നീക്കിക്കളയുന്ന ഒരു വിളക്കുമാടമായി ഉയര്‍ന്നു നില്‍ക്കും.

By എം ടി മനാഫ്‌