ഇടുങ്ങിയ ജീവിതം

"ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്‌. ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്‌." [അദ്ധ്യായം 50 ഖാഫ്‌ 36,37]

മനുഷ്യന്‌ മാത്രമാണ്‌ ധിഷണാശേഷിയുള്ളത്‌. ആന്തരികമായി വസ്‌തുതകള്‍ വിലയിരുത്താനും വ്യവച്ഛേദിച്ചറിയാനും ലോകത്ത്‌ മനുഷ്യന്‌ മാത്രമേ കഴിയൂ. എന്നാല്‍ ഈ കഴിവിനെ തിരിച്ചറിഞ്ഞവര്‍ വളരെ കുറച്ചാണ്‌. ഞാന്‍ ചിന്തിക്കുന്നുവെന്ന്‌ തിരിച്ചറിയാന്‍ പോലും സാധിക്കാതെ ജീവിച്ചുതീര്‍ക്കുന്നവരാണ്‌ ഏറിയ പങ്കും. ഈ ലോകത്തെ മാറ്റിത്തീര്‍ക്കാനും, പുരോഗതിയുടെ പുതിയ ഭൂമിക സ്ഥാപിക്കാനും മനുഷ്യന്‌ ഊര്‍ജമേകിയ `ചിന്താശേഷി' തങ്ങളുടെ ജീവിതത്തിന്റെ നവീകരണത്തിനും പുനര്‍നിര്‍മിതിക്കും ഉപയോഗപ്പെടുത്താന്‍ മനുഷ്യരില്‍ അധികപേരും ശ്രദ്ധിക്കാതെ പോകുന്നു. ഉപയോഗിക്കപ്പെടാതെ പോവുന്ന മനുഷ്യചിന്ത ചിതലരിച്ചുപോവും. വിശ്വാസത്തിന്റെയും ചിന്തയുടെയും മൂര്‍ച്ചകൂട്ടാനും ജീവിതത്തെ സംസ്‌കരിച്ചെടുക്കാനും മനുഷ്യന്‌ സാധിക്കണം. തുറന്ന മനസ്സോടെ ചിന്തയുടെ വാതായനങ്ങള്‍ തുറന്നിടാന്‍ തയ്യാറാവുന്നവര്‍ക്ക്‌ സത്യത്തിന്റെ ആകാശം അകലെയല്ല എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

നമ്മുടെ ചിന്തകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ വ്യവഹാരങ്ങളും, സമീപനങ്ങളുമെല്ലാം അവന്റെ ചിന്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ചിന്തകളെ നാം തേച്ചുമിനുക്കുകയും അത്‌ നമ്മുടെ വിശ്വാസത്തോട്‌ യോജിച്ചുപോവുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും വേണം. നമ്മുടെ വിചാരങ്ങള്‍ വിശ്വാസവുമായി കോര്‍ത്തുകെട്ടണം.

"എന്റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‌പിച്ചുകൊണ്ടുവരുന്നതുമാണ്‌." [അദ്ധ്യായം 20 ത്വാഹ 124]

കടപ്പാട്‌ : ശബാബ്‌ വാരിക