ദാനധർമ്മങ്ങളുടെ പ്രാധാന്യം

"സ്വര്‍ഗനരകങ്ങളിലേക്ക്‌ മനുഷ്യര്‍ വേര്‍തിരിക്കപ്പെടുന്നത്‌ വരെ അന്ത്യദിനത്തില്‍ ഓരോരുത്തരും താന്‍ ചെയ്‌ത ദാനധര്‍മങ്ങളുടെ തണലിലായിരിക്കും.''
(ഇബ്‌നുഹിബ്ബാന്‍, ഹാകിം)

"ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്ന്‌ ധരിക്കാന്‍ ഒരു വസ്‌ത്രം നല്‌കിയാല്‍ അയാളുടെ ദേഹത്ത്‌ അതിന്റെ ഒരു തുണ്ടെങ്കിലും അവശേഷിക്കുന്ന കാലത്തോളം അത്‌ നല്‌കിയ വ്യക്തി അല്ലാഹുവിന്റെ സംരക്ഷണത്തിലായിരിക്കും.''
(തിര്‍മിദി, അഹ്‌മദ്‌)

"ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ കണ്ണാടിയാകുന്നു. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാകുന്നു. സഹോദരന്‌ നാശനഷ്‌ടങ്ങള്‍ വരുന്നത്‌ അവന്‍ തടഞ്ഞുനിര്‍ത്തും. പിന്നില്‍കൂടി അവനെ സംരക്ഷിക്കുകയും ചെയ്യും.''
(അബൂദാവൂദ്‌)

"ഒരാള്‍ പ്രവാചകനോടിപ്രകാരം ചോദിച്ചു: `അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലയാളാണോ ചീത്തയാളാണോ എന്ന്‌ എങ്ങനെയാണ്‌ എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുക?' അപ്പോള്‍ നബി(സ) പറഞ്ഞു: `നീ നല്ല വ്യക്തിയാണെന്ന്‌ നിന്റെ അയല്‍വാസികള്‍ പറയുന്നത്‌ കേട്ടാല്‍ നീ നല്ലയാളാണെന്ന്‌ മനസ്സിലാക്കിക്കൊള്ളുക. നിന്റെ അയല്‍വാസികള്‍ നീ ചീത്ത വ്യക്തിയാണെന്ന്‌ പറയുന്നത്‌ കേട്ടാല്‍ നീ ചീത്തയാളാണെന്നും മനസ്സിലാക്കിക്കൊള്ളുക'.''
(ഇബ്‌നുമാജ)

``ആരുടെ ദ്രോഹങ്ങളില്‍ നിന്ന്‌ തന്റെ അയല്‍വാസി സുരക്ഷിതനല്ലയോ അയാള്‍ സത്യവിശ്വാസിയല്ല.''
(ബുഖാരി, മുസ്‌ലിം)

"അല്ലാഹു നല്‌കുന്ന തണലല്ലാതെ മറ്റൊരു തണലും ലഭ്യമല്ലാത്ത പരലോകനാളില്‍ ഏഴ്‌ വിഭാഗം ആളുകള്‍ക്ക്‌ അല്ലാഹു തണലേകുന്നതാണ്‌.
....വലതുകൈ ചെലവഴിക്കുന്നത്‌ ഇടതുകൈ അറിയാത്തവിധം ദാനധര്‍മം ചെയ്യുന്ന വ്യക്തിയാണതിലൊരാള്‍.''
(ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച സുദീര്‍ഘമായ ഒരു ഹദീസില്‍ നിന്ന്‌)

"ചതിയനും ലുബ്‌ധനും ചെയ്‌ത ദാനം വിളിച്ചുപറയുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.''
(തിര്‍മിദി)

കടപ്പാട്‌ : ശബാബ്‌ വാരിക