നിഷിദ്ധമായ ഭക്ഷണങ്ങൾ

"ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." [അദ്ധ്യായം 2 ബഖറ 173]

"ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു....വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു." [അദ്ധ്യായം 5 മാഇദ 3]

 "(നബിയേ,) പറയുക : എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." [അദ്ധ്യായം 6 അൻആം 145]

ഇസ്‌ലാം നിഷിദ്ധമാക്കിയ സർവ്വ ജീവികളും മേൽ ആയത്തുകളുടെ പരിധിയിൽ വരുന്നു. പന്നിയെക്കുറിച്ച്‌ പറഞ്ഞപ്പോൾ അത്‌ മ്ലേച്ചമാണെന്ന് അല്ലാഹു പറഞ്ഞത്‌ ആരോഗ്യത്തിനു അപകടം സൃഷ്ടിക്കുന്ന സർവ്വ ജീവികളും വസ്തുക്കളും നിഷിദ്ധമാണെന്ന് ഉണർത്തുവാനാണ്. മരണപ്പെട്ടവരിൽ നിന്ന് നന്മ ലഭിക്കുവാൻ ഉദ്ദേശിച്ച്‌ അവരുടെ പേരിൽ നേർച്ചയാക്കുന്ന മൃഗങ്ങളാണ് അല്ലാഹു അല്ലാത്തവർക്ക്‌ പ്രഖ്യാപിക്കപ്പെട്ടത്‌ ' എന്നതിന്റെ അർത്ഥം. ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കി അറുക്കുമ്പോൾ ബിസ്മി ചൊല്ലിക്കൊണ്ട്‌ അറുക്കുന്നവയും 'അല്ലാഹു അല്ലാത്തവരുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ടവ' എന്നതിന്റെ പരിധിയിൽ വരുന്നു. രാജാക്കന്മാരും മന്ത്രിമാരും മറ്റും വരുമ്പോൾ അവരെ തൃപ്തിപ്പെടുത്തി എന്തെങ്കിലും നേടിയെടുക്കാൻ തയ്യാറക്കുന്ന ഭക്ഷണവും മേൽ ആയത്തുകളുടെ പരിധിയിൽ പെടുമെന്ന് സഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെടുന്നു.

By അബ്ദുസ്സലാം സുല്ലമി