സകാത്ത്‌ നൽകേണ്ടത്‌ സംഘടിതമായി

സകാത്ത് വ്യക്തി ഗതമായ ബാധ്യതയാണെങ്കിലും അതു നിര്‍വഹിക്കേണ്ടത് സാമൂഹികമായിട്ടാണ്. മുസ്ലിംകളില്‍ നിന്നു സകാത്ത് വാങ്ങാന്‍ പ്രവാചകന്‍ (സ)യോടാണ് ഖുര്‍ആന്‍റെ കല്‍പ്പന. അതുകൊണ്ട്തന്നെ നബി (സ) സകാത്ത് സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചിരുന്നു. 

ഒരു മുസ്‌ലിം സകാത്ത് നല്‍കാന്‍ വിസമ്മതിച്ചാല്‍ പിഴയടക്കം വസൂലാക്കും എന്നു പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു : "വല്ലവനും പ്രതിഫലം ആഗ്രഹിച്ചു സ്വമനസ്സാലെ സകാത്ത് നല്‍കിയാല്‍ അയാള്‍ക്കതിന്‍റെ പ്രതിഫലമുണ്ട്. വല്ലവനും അതു നല്‍കാതിരുന്നാല്‍ അതും അവന്‍റെ ധനത്തിന്‍റെ ഒരു ഭാഗവും നാം പിടിച്ചടക്കുകതന്നെ ചെയ്യും. നമ്മുടെ റബ്ബിന്‍റെ ഉറച്ച തീരുമാനങ്ങളില്‍ ഒന്നാണിത്. എന്നാല്‍ മുഹമ്മദിന്‍റെ കുടുംബത്തിനു അതില്‍നിന്നും അനുവദനീയമല്ല".

പാവങ്ങളുടെ അവകാശം ധനികര്‍ നിഷേധിച്ചാല്‍ മതനിയമമെന്ന നിലയില്‍തന്നെ അതില്‍ സമുദായ നേതൃത്വം ഇടപെടണമെന്നര്‍ത്ഥം. ഇത് ദൈവിക തീരുമാനമാണെന്ന് പ്രവാചകന്‍ (സ) പറഞ്ഞു. എന്നാല്‍ ശക്തിയുപയോഗിച്ചു സകാത്ത് പിടിച്ചെടുക്കുന്നത് സ്വന്തം താല്പര്യത്തിനു വേണ്ടിയല്ല എന്നു പ്രത്യേകം ഉണര്‍ത്തുന്നു. പ്രവാചകനോ കുടുംബത്തിനോ അതില്‍ നിന്നും അനുഭവിക്കാന്‍ അനുവാദമില്ല. എത്ര ഉദാത്തമായ നിയമം!

നബി (സ)യുടെ വിയോഗാനന്തരം ഒരു വിഭാഗം സകാത്ത് നിഷേധിച്ചപ്പോള്‍ ഖലീഫ അബൂബക്കര്‍ (റ) വളരെ കര്‍ക്കശമായിത്തന്നെ അതു കൈകാര്യം ചെയ്തു. അദ്ദേഹം പ്രഖ്യാപിച്ചു : "പടച്ചവന്‍ സത്യം, പ്രവാചകന് അവര്‍ നല്കാറുണ്ടായിരുന്ന ഒരു ഒട്ടകകുട്ടിയെയെങ്കിലും അവര്‍ എനിക്ക് നിഷേധിച്ചാല്‍ അതിന്‍റെ പേരില്‍ ഞാന്‍ അവരോടു യുദ്ധം ചെയ്യും" [ബുഖാരി].

സകാത്ത് നിഷേധിക്കുന്നവര്‍ക്കെതിരെ സമുദായ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മാത്രമല്ല ഐഹിക ജീവിതത്തില്‍ തന്നെ ദൈവശിക്ഷയും ലഭിച്ചേക്കാം. അതു പോലെ സകാത്ത് നല്കാത്തവന്‍റെ ബാക്കിധനം പോലും ദുഷിക്കുമെന്നും ഹദീസുകളില്‍ കാണാം.

നബി (സ) പറഞ്ഞു : "സകാത്ത് നല്‍കാത്ത ഏതു സമൂഹത്തെയും അല്ലാഹു ക്ഷാമവര്‍ഷങ്ങള്‍ കൊണ്ട് പരീക്ഷിക്കാതിരിക്കില്ല" [ത്വബ്റാനി]. "ധര്‍മം- സകാത്ത് ഏതു ധനവുമായി കലരുന്നുവോ അതു (ധര്‍മ്മമായി കൊടുക്കേണ്ട ധനം) മറ്റേതിനെ കേടുവരുത്താതിരിക്കില്ല" [ബൈഹഖി]

By സി പി ഉമര്‍ സുല്ലമി