"നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?" [അദ്ധ്യായം 2 ബഖറ 44]
സമൂഹം നന്നാവണമെങ്കില്‍ വ്യക്തികളില്‍ നിന്ന് തുടക്കം കുറിക്കണം. സ്വന്തം ജീവിതത്തില്‍ നന്മ ഉള്‍ക്കൊണ്ടവന് മാത്രമേ അത് വേണ്ടവിധം പ്രതിഫലിക്കാന്‍ കഴിയൂ. സ്വയം നന്നാവുക എന്നതാണ് നന്മയുടെ ആദ്യ പാഠം. സ്വയം മാറാത്തവനു മറ്റാരെയും മാറ്റിയെടുക്കാനാവില്ല. തിന്മകളിലൂടെ നടന്നു നീങ്ങുകയും മറ്റുള്ളവരോട് നന്മകളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. അതിനൊരിക്കലും ഫലപ്രാപ്തി ലഭിക്കുകയില്ല.
സ്വന്തം ജീവിതത്തില്‍ നന്മകള്‍ ഉള്‍ക്കൊള്ളാതെ ജനങ്ങളോട് സാരോപദേശം നടത്തുന്നത് മഹാപാപമായാണ് ഖുര്‍ആന്‍ കാണുന്നത്. "സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു" [അദ്ധ്യായം 61 സ്വഫ്ഫ് 2,3].
വേദഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നവര്‍ നന്മതിന്മകളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയവരാണ്. എന്നിട്ടും സ്വന്തം ജീവിതത്തില്‍ നന്മകളില്ലാതെപ്പോകുന്നത് പരലോകചിന്ത ഒട്ടും ഉള്ളിലില്ലാത്തത് കൊണ്ടാണല്ലോ. ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുന്നവര്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് നടത്തുക. അതിന്‍റെ നേട്ടം വലുതാണ്. മറിച്ചാണെങ്കില്‍ ലഭിക്കുന്ന ശിക്ഷ അതികഠിനവും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... [ആമീന്‍]
By അബ്ദു സലഫി