സകാത്ത്‌ നിർബന്ധം

ഒരു മുസ്‌ലിം ചെയ്യേണ്ട അനുഷ്ഠാനകര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്ത്. നമസ്കാരം നിര്‍വഹിക്കാത്തവന് മുസ്‌ലിംസമുദായത്തില്‍ അംഗീകാരം ഇല്ലാത്തത് പോലെത്തന്നെ സത്യവിശ്വാസത്തിന്‍റെ അനിവാര്യ താല്പര്യമായിത്തന്നെയാണ് കഴിവുണ്ടെങ്കില്‍ സകാത്ത് നല്‍കുക എന്നതും ഇസ്‌ലാം കാണുന്നത്. 

"സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ ബഹുദൈവാരാധകര്‍ക്കാകുന്നു നാശം" [അദ്ധ്യായം 41 ഫുസ്സിലത്ത് 6,7] എന്ന ഖുര്‍ആന്‍ വാക്യം കഴിവുള്ള ഏകദൈവവിശ്വാസി സകാത്ത് നല്‍കേണ്ടതിന്‍റെ അനിവാര്യത സൂചിപ്പിക്കുന്നു. 

നമസ്കാരത്തിനുള്ള അതെ പ്രാധാന്യം തന്നെയാണ് സകാത്തിനും ഇസ്‌ലാം കല്‍പ്പിക്കുന്നത്. എന്നാല്‍ ഇന്ന് സമുദായം ഈ കാര്യം മനസ്സിലാക്കിയതില്‍ കാര്യമായ അപാകത നേരിട്ടിരിക്കുന്നു. നമസ്കാരം കൃത്യമായി നിര്‍വഹിക്കുന്നവര്‍ പോലും സകാത്തിന്‍റെ കാര്യം വിസ്മരിക്കുന്നു. നമസ്കാരത്തെപ്പോലെ സകാത്തിനെപ്പറ്റി പഠിക്കാന്‍ പലരും ശ്രമിക്കുന്നില്ല. നമസ്കാരം സ്വന്തമായും സംഘടിതമായും ഒട്ടൊക്കെ നിര്‍വഹിക്കുന്നവര്‍ പോലും സകാത്ത് നടപ്പിലാക്കാന്‍ താല്പര്യം കാണിക്കുന്നില്ല. 

വിശുദ്ധ ഖുര്‍ആനില്‍ 32 സ്ഥലങ്ങളിലാണ് സകാത്ത് പരാമര്‍ശിക്കപ്പെട്ടത്. അതില്‍ 28 സ്ഥലങ്ങളിലും നമസ്കാരത്തോട്‌ ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. പ്രവാചകന്‍ (സ)യും അനുയായികളും അതു അങ്ങനെത്തന്നെ ഉള്‍ക്കൊണ്ടു. 

ജാബിര്‍ (റ) പറയുന്നു : "നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും എല്ലാ മുസ്ലിംകളോടും ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തുകൊള്ളാമെന്നു ഞാന്‍ നബി (സ)യുമായി കരാര്‍ (ബൈഅത്ത്) ചെയ്തു" [ബുഖാരി].

അബൂബക്കര്‍ (റ) ഖലീഫയായി സ്ഥാനമേറ്റെടുത്തപ്പോള്‍ പ്രഖ്യാപിച്ചു : "അല്ലാഹുവാണ് സത്യം, നമസ്കാരത്തിന്‍റെയും സകാത്തിന്‍റെയുമിടയില്‍ വ്യത്യാസം കല്‍പ്പിച്ചവനോട് ഞാന്‍ സമരം ചെയ്യും" [മുസ്‌ലിം]. 

By സി പി ഉമർ സുല്ലമി