"(നബിയേ) തീര്‍ച്ചയായും നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീത് നല്‍കുന്നവനുമായിക്കൊണ്ട് സത്യവുമായി അയച്ചിരിക്കുകയാണ്. നരകാവകാശികളെപ്പറ്റി നീ ചോദ്യം ചെയ്യപ്പെടുന്നതല്ല." [അദ്ധ്യായം 2 ബഖറ 119]
പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ രണ്ടു വശങ്ങളാണ് സന്തോഷവാര്‍ത്ത അറിയിക്കലും ഭയവാര്‍ത്ത അറിയിക്കലും. അതായത്, സത്യവും നേര്മാര്‍ഗവും വിവരിച്ചു കൊടുക്കുന്നതോടൊപ്പം അതിനാല്‍ ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളെയും പുണ്ണ്യഫലങ്ങളെയും കുറിച്ചുള്ള സുവിശേഷ വാര്‍ത്തകള്‍ അറിയിച്ചു കൊടുക്കലും, അസത്യവും ദുര്‍മാര്‍ഗവും വിവരിച്ചു കൊടുത്തുകൊണ്ട് അതിനാല്‍ നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുകളെയും ശിക്ഷകളേയുംകുറിച്ച് മുന്നറിയിപ്പും താക്കീതും നല്‍കലും. ഇതാണ് പ്രവാചകന്മാരുടെ ചുമതല. അതോടെ അവരുടെ കര്‍ത്തവ്യം നിറവേരുന്നു.
സത്യം സ്വീകരിക്കുന്നതും അസത്യം നിരാകരിക്കുന്നതും ഓരോ വ്യക്തിയുടെയും കടമയാകുന്നു. നബിമാര്‍ക്കതില്‍ ബാധ്യതയില്ല. എന്തുകൊണ്ട് ഇന്നിന്നവന്‍ വിശ്വസിച്ചില്ല, അല്ലെങ്കില്‍ സന്മാര്‍ഗിയായില്ല എന്ന് അവരോടു ചോദിക്കപ്പെടുകയില്ല. അല്ലാഹു പറയുന്നു : "നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. (അവരുടെ കണക്കു) നോക്കുന്ന ബാധ്യത നമുക്കാകുന്നു." [അദ്ധ്യായം 13 റഅദ് 40]
By അമാനി മൌലവി