"മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു." [അദ്ധ്യായം 17 ഇസ്‌റാഅ് 11]
നന്മ ലഭിക്കുവാൻ ധൃതി കാണിച്ച് പ്രാർത്ഥിക്കുന്നത് പോലെ തിന്മ ലഭിക്കുവാൻ ധൃതിപ്പെട്ട് പ്രാർത്ഥിക്കരുതെന്ന് അല്ലാഹു ഉണർത്തുന്നു. മനുഷ്യർ അവരുടെ ശരീരത്തിലോ സമ്പത്തിലോ രോഗം, ദാരിദ്ര്യം തുടങ്ങിയ പരീക്ഷണങ്ങൾ ബാധിക്കുമ്പോൾ 'ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ' 'നശിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ' എന്നൊക്കെ പറയും. ഇവയെല്ലാം അല്ലാഹു വിരോധിക്കുകയാണു ഈ ആയത്തിലൂടെ.
അതുപോലെ മക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വല്ല അനിഷ്ടകരമായ കാര്യങ്ങൾ അനുഭവപ്പെട്ടാൽ ആ മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വരെ ഒന്നു ചത്തു കിട്ടിയാൽ നന്നായിരുന്നെന്ന് മനുഷ്യൻ പറയും. അത്തരം മനുഷ്യന്റെ അവിവേക പ്രാർത്ഥനകൾ പാടുള്ളതല്ല. ആ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കുകയുമില്ല.
ധൃതി കാണിക്കൽ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. സൗമ്യതയും സാവകാശവുമാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. നന്മ ചെയ്യാൻ അവസരം കിട്ടിയാൽ അത് പിന്നെ ആവാം എന്ന് കരുതി പിന്തിപ്പിക്കുന്നതിനെയാണ് ഇസ്‌ലാം വിരോധിക്കുന്നത്.
By അബ്ദുസ്സലാം സുല്ലമി