"താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍."
Allah witnesses that there is no deity except Him, and [so do] the angels and those of knowledge - [that He is] maintaining [creation] in justice. There is no deity except Him, the Exalted in Might, the Wise. [അദ്ധ്യായം 3 ആലു ഇമ്രാന്‍ 18]
അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹതയുള്ള ഏക ആരാധ്യന്‍. മറ്റുള്ള ആരാധ്യവസ്തുക്കളെല്ലാം മിഥ്യകളും അനര്ഹങ്ങളുമാകുന്നുവെന്നുള്ള യാഥാര്‍ത്ഥ്യം എത്രയോ ദൃഷ്ടാന്തങ്ങളും തെളിവുകളും വഴി അല്ലാഹു വ്യക്തമായി സ്ഥാപിച്ചിട്ടുണ്ട്. മലക്കുകളും അറിവുള്ളവരുമെല്ലാം അത് മനസ്സിലാക്കുകയും വിശ്വാസിച്ചുറപ്പിക്കുകയും ചെയ്തിരിക്കുന്നു. അഖിലലോക നീതിവ്യവസ്ഥ നിലനിര്‍ത്തി നടത്തിപ്പോരുന്നവന്‍ അവനല്ലാതെ മറ്റാരുമല്ല. അജയ്യനായ പ്രതാപശാലിയും തത്വവിജ്ഞാനസമ്പൂര്‍ണ്ണനായ യുക്തിമാനും അവനാണ്. അതുകൊണ്ട് ആരാധ്യനായിരിക്കുവാന്‍ അവനു മാത്രമേ അര്‍ഹതയുള്ളൂ എന്ന് താല്പര്യം.
ഈ വചനം ഓതുമ്പോള്‍ "റബ്ബേ, ഞാനും സാക്ഷിയാണ്" എന്ന് നബി (സ) പറഞ്ഞിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നു അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. അല്ലാഹുവിന്‍റെ അസ്തിത്വത്തിനും ഏകത്വത്തിനും സാക്ഷ്യം വഹിക്കാത്ത ആളുകള്‍ - അവര്‍ മറ്റു വിഷയങ്ങളില്‍ യോഗ്യരായിരുന്നാലും - അല്ലാഹുവിന്‍റെ അടുക്കല്‍ കേവലം അജ്ഞരും വിഡ്ഢികളുമായിരിക്കുമെന്നത്രെ അത്.
By മുഹമ്മദ് അമാനി മൌലവി