അല്ലാഹുവിന്റെ അന്ത്യവേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും അവന്റെ റസൂല്‍ മുഹമ്മദ് നബി (സ)യുടെ സുന്നത്തുമാണ് നമ്മുടെ ജീവിതപ്രമാണം. ഇവ മാത്രമാണ് പൂര്‍ണമായും സ്വീകരിക്കാന്‍ നമുക്ക് ബാധ്യതയുള്ളത്. ഏത് വലിയ ഇമാമും പണ്ഡിതനും ഇവര്‍ക്ക് പിന്നിലാണ്. ഖുര്‍ആനിനും സുന്നത്തിനും അനുയോജ്യമായത് മാത്രമേ ഇവരില്‍ നിന്ന് സ്വീകരിക്കാവൂ. തെറ്റുപറ്റാന്‍ സാധ്യതയുള്ള മനുഷ്യര്‍ മാത്രമാണിവര്‍. നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് നാളെ അല്ലാഹുവിന്റെ മഹ്‌ശര്‍ വിചാരണക്കോടതിയില്‍ തെളിവായി അംഗീകരിക്കപ്പെടുന്നത് ഖുര്‍ആന്‍ മാത്രമായിരിക്കും.
പിശാച് തെറ്റുകള്‍ ചെയ്യിക്കുന്നത് കുറ്റമാണെന്ന് പറഞ്ഞുകൊണ്ടല്ല. ആദം(അ)യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാന്‍ അവന്‍ മെനഞ്ഞ തന്ത്രം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയ മരത്തിന്റെ ഫലം ഭക്ഷിച്ചാല്‍ സ്വര്‍ഗീയ സുഖം ശാശ്വതമായി ലഭിക്കുമെന്ന് വ്യാമോഹിപ്പിക്കുകയാണവന്‍ ചെയ്‌തത്. തിന്മകളെ നന്മകളാക്കി അലങ്കരിക്കുകയാണവന്‍ ചെയ്യുന്നത്. ശിര്‍ക്കിനെ തൗഹീദാക്കുന്നതില്‍ പിശാച് ജയിച്ചതും ഇങ്ങനെ തന്നെയാണ്. അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ഥിക്കുക എന്ന ലളിതവും സുഗ്രാഹ്യവും ഋജുവുമായ തൗഹീദില്‍ നിന്ന് തെറ്റിച്ച് കാര്യസാധ്യത്തിനും പ്രാര്‍ഥനയ്‌ക്കുമായി ഇടത്തട്ട് കേന്ദ്രങ്ങളിലേക്ക് ആനയിക്കുകയാണ് പിശാചിന്റെ കുതന്ത്രം.
``അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യരുത്. അവനല്ലാതെ യാതൊരു ദൈവവുമില്ല'' (വി.ഖു 28:88). ``ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും'' (വി.ഖു 26: 213). ``നബിയേ, പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു തേടുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (വി.ഖു 72:20). ``പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്.'' (വി.ഖു 72:18)
ശിര്‍ക്ക് അല്ലാഹുവിനോട് ചെയ്യുന്ന ഏറ്റവും വലിയ അക്രമമാണ്. നിഷ്‌ഫലവും കുറ്റകരവുമായ ഈ പ്രവര്‍ത്തനത്തിന് പകരം കാരുണ്യവാനായ റബ്ബിന്റെ ``തന്റെ ദാസന് അല്ലാഹു മതിയായവനല്ലേ'' (39:30) എന്ന ചോദ്യത്തിന് ``എനിക്ക് അല്ലാഹു മതി'' (39:38) എന്ന് ഉത്തരം പറയാന്‍ സാധിക്കണം.
By മുര്‍ശിദ് പാലത്ത്