നബിചര്യയില്‍ യാതൊരു സ്ഥാനവുമില്ലാത്ത റബീഉല്‍അവ്വല്‍ ആഘോഷത്തിന് ന്യായീകരണമായി ചിലയാളുകള്‍ സാധാരണ പറഞ്ഞുവരാറുള്ള ഒരു കാര്യമാണ്, തങ്ങള്‍ നടത്തുന്നത് മദ്‌ഹൂര്‍റസൂല്‍ ആണെന്ന്. എന്താണ് മദ്‌ഹുര്‍റസൂല്‍? പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പറയുക എന്നര്‍ഥം. തന്നെ പുകഴ്‌ത്തിപ്പറയുന്നത് നബി(സ) ഇഷ്‌ടപ്പെട്ടിരുന്നില്ല. മുഖസ്‌തുതിക്കാരെ അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ സന്ദര്‍ഭത്തിന്റെ ആവശ്യം കണക്കിലെടുത്ത് തന്നെ പ്രകീര്‍ത്തിച്ച് ഗാനമാലപിച്ചതു പോലും നബി(സ) അംഗീകരിക്കുകയും ചെയ്‌തു. ത്വലഅല്‍ ബദ്‌റു, ബാനത് സൂആദ്, ഹസ്സാന്‍(റ) കവിതകള്‍ തുടങ്ങിയവ ഉദാഹരണമാണ്. വസ്‌തുതകള്‍ക്കപ്പുറം പുകഴ്‌ത്തിയപ്പോള്‍ തത്സമയം തിരുത്തിയതും (വഫീനാ നബിയ്യുന്‍ യഅ്‌ലമു മാഫീ ഗദി) നാം കാണുകയുണ്ടായി.
പ്രവാചകനെ ഒരിക്കലും നിന്ദിക്കാനോ ഇകഴ്‌ത്താനോ പാടില്ല. പ്രവാചകന്റെ(സ) അനുപമവ്യക്തിത്വത്തില്‍ നിന്ന് ഏതൊരേട് ചീന്തിയെടുത്താലും അതെല്ലാം `മദ്‌ഹുകള്‍' മാത്രമായിരിക്കും. അത് സ്‌മരിക്കുന്നതും പഠിക്കുന്നതും മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുന്നതും പുണ്യകരമാണ്. പ്രവാചക വ്യക്തിത്വത്തെയോ ദിവ്യദൗത്യത്തെയോ അവമതിക്കുന്നവരുടെ മുന്നില്‍ അദ്ദേഹത്തിന്റെ മഹോന്നത ഗുണങ്ങള്‍ പൊക്കിക്കാണിക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു. എന്നാല്‍ പ്രവാചക കീര്‍ത്തനങ്ങള്‍ പാടി നടക്കല്‍ നിര്‍ബന്ധമോ ഐച്ഛികമോ ആയ ഒരു കര്‍മമാണോ? അപദാനങ്ങള്‍ പാടിപ്പറഞ്ഞ് ഊരുചുറ്റുന്നത് സ്‌നേഹപ്രകടനമാണോ? അഭിപ്രായ ഭിന്നതയാല്‍ മറുപക്ഷത്ത് നില്‌ക്കുന്നവരെ പ്രകോപിപ്പിക്കുന്ന ശക്തിപ്രകടനങ്ങള്‍ മദ്‌ഹുര്‍റസൂല്‍ ആയിത്തീരുമോ? ഇത്യാദി കാര്യങ്ങള്‍ മുസ്‌ലിംസമൂഹം ഉറക്കെ ചിന്തിക്കണം.
സമാദരണീയരായ സ്വഹാബിമാര്‍ നബി(സ)യോടു കാണിച്ച സ്‌നേഹപ്രകടനത്തിന് ചരിത്രത്തില്‍ തുല്യതയില്ല. സത്യമതത്തോടുള്ള അടങ്ങാത്ത പക നിമിത്തം ദൈവദൂതനെ സ്വന്തം നാട്ടില്‍ നിന്നു സ്വന്തക്കാരെന്നു പറയാവുന്നവര്‍ ആട്ടിയോടിച്ചുവെങ്കിലും ഒരു നാട് ഒന്നടങ്കം സടകുടഞ്ഞെണീറ്റ് ആ മഹാനുഭാവനെ സ്വീകരിച്ചാനയിച്ച് `സ്വന്ത'മാക്കി. മദീന എന്നറിയപ്പെടുന്ന യഥ്‌രിബുകാര്‍ മുഹമ്മദ് നബിയെ ഏതിരേറ്റത് കീര്‍ത്തനഗാനങ്ങള്‍ (മദ്‌ഹൂര്‍റസൂല്‍) പാടിക്കൊണ്ടായിരുന്നു. ത്വലഅല്‍ബദ്‌റു അലൈനാമിന്‍ ഥനിയ്യാത്തില്‍ വിദാഇ....
തന്നെ സ്‌തുതിച്ചുകൊണ്ട് പാടിയ പാട്ടിനെയോ പാട്ടുപാടി സ്വീകരിച്ചതിനെയോ നബി(സ) എതിര്‍ത്തില്ല. എന്നാല്‍ ദൈവദൂതരില്‍ നിന്ന് ദീന്‍ പഠിച്ച സ്വഹാബിമാര്‍ പിന്നീട് എപ്പോഴെങ്കിലും ത്വലഅല്‍ബദ്‌റു നബികീര്‍ത്തനമായി ആലപിക്കുക പതിവാക്കിയിരുന്നുവോ? ഏതെങ്കിലും പ്രത്യേക ദിനത്തിലോ മാസത്തിലോ ഈ വരികള്‍ ആവര്‍ത്തിച്ചിരുന്നുവോ? ഹിജ്‌റയ്‌ക്ക് വാര്‍ഷികം ഏര്‍പ്പെടുത്തിയോ? ഇല്ലെന്നാണ് ചരിത്രത്തിന്റെ ഉത്തരം. കാരണം ആ സന്ദര്‍ഭത്തിലെ അനുമോദനമെന്നതിലുപരി നബിയോ സ്വഹാബിമാരോ അതിനെ കണ്ടില്ല.
By അബ്ദുൽ ജബ്ബാർ തൃപ്പനച്ചി